Friday, August 21, 2020

മീന്‍ മുറിക്കുമ്പോള്‍

അമ്മ മീൻ മുറിക്കുന്നിടം നിശ്ശബ്ദമാണ്.. വാഴക്കയ്യിലും വേലിയിലും മൂന്ന് കാക്കകൾ ചുറ്റുപാട് വീക്ഷിക്കുന്നുണ്ട്. വാഴച്ചോട്ടിൽ, അമ്മിക്കരികിൽ ഓരോ പൂച്ച വീതം.. തല വെട്ടിച്ച് നാല് കോഴികൾ പൂച്ചയേയും കാക്കയെയും മാറി മാറി നോക്കുന്നുണ്ട്. എല്ലാവരുടെയും കണ്ണ് തന്നിലും തന്റെ കയ്യിലിരിക്കുന്ന മീനിലാണെന്നറിഞ്ഞിട്ടും അമ്മ പുലർത്തുന്നൊരു നിസ്സംഗതയുണ്ട്.. ലോകത്തൊരു അധികാരിയും കാണിക്കാത്തത്.. ഇടക്ക് കാക്കയെ നോക്കി സഹനത്തിന്റെ മൂർത്തി ഭാവമായ പൂച്ചക്ക് നേരെ ഒരു മീൻ തലയെറിയും.. മീൻ തല കടിച്ച്പിടിച്ച് പൂച്ചയൊന്ന് വെപ്രാളപ്പെടും, കാക്കയിലെ കൊതിയൊന്ന് റാഞ്ചലോളം ആളിപ്പടരും.. കോഴിക്ക് കിട്ടുന്ന മീൻകുടൽ പൂച്ചയിൽനിന് വളരെ നേർത്ത മ്യാവൂ ശബ്ദം പുറപ്പെടുവിക്കും.. കത്തിവീശി ആട്ടുമെങ്കിലും അവസാനത്തെ മീൻവെള്ളം തെങ്ങിൻ തടത്തിലേക്കൊരേറുണ്ട്.. കിട്ടാത്തവരും കിട്ടിയവരും എല്ലാവർക്കും ചാകര. മീൻ ചാറില്ലാണ്ടെങ്ങാനാ, ഒരു പിടി വറ്റെറങ്ങാ.. അമ്മയോടച്ഛൻ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കും.. ഓരോരോ മീൻ കഥകൾ, അമ്മ നല്ലൊരു കേൾവിക്കാരിയാണ്.. കേൾക്കുമ്പോൾ അമ്മ, പൂച്ചയെപ്പോലെ, കോഴിയെപ്പോലെ കാക്കയെ പോലെ ചില നോക്കുകകൾ, ചില വാക്കുകൾ കാണിക്കും.. മനോഹരം.. ചാക്രികം ചില ആവാസ വ്യവസ്ഥകൾ.

Monday, December 19, 2011

മരുവനത്തിലൂടെ

ഭയമാണ്‍ പ്രളയത്തിന്
കൊടുങ്കാറ്റുറങ്ങാറുണ്ടിവിടെ
അതിരിടാന്‍ മറന്നൊരാകാശം
ദാഹം കുറുക്കി

തണലുകാഞ്ഞ് മരുപ്പച്ച
മണ്ണുകൊണ്ടൊരു ഭൂമി,
മരുഭൂമിയെന്ന് പേര്..

പുലരിവെയില്‍ പൊന്നുരുക്കി
രാക്കാറ്റു കൊത്തിയ
മല മടക്കിലെവിടെയോ
ഒരു കിണറാഴം നനവുള്ളിലൊതുക്കി..

സ്ഥായിയായൊരു സ്ഥലസൂചിക
നിനക്കറിയില്ലെന്ന മട്ട്
ഒരു കാറ്ററുതിയില്‍
മണല്‍മല വടക്കു തിരിച്ച്

ഉച്ച വെയില്‍ കവിതയെഴുതിയ
നിന്‍റെ പട്ടുമെയ്യില്‍
കടല്‍ വരച്ചിട്ടൊരു ചുഴലി...

നാക്കറുക്കപ്പെട്ട്
ചെവി കൊട്ടിയടച്ച്
കണ്ണുകളില്‍ മണല്‍ വാരി വിതറി
ഒരു ഭൂരേഖ
തൊണ്ട വറ്റി കിടപ്പുണ്ട്...

മണല്‍ ശില്‍പങ്ങളൊന്നിലും

നിന്‍റെ കനിവ് കൊത്താന്‍
ജയിച്ചും പിന്നെയേറെ തോറ്റും
ഋതു ശില്പികള്‍ക്കത്രയും
ഉളിപിഴച്ച് ശിലചിതറിയിട്ടും..
ഹേ.. നീയൊരു രാജശില്‍പി..

കള്ളിമുള്‍ച്ചെടിയോട് മത്സരിച്ച്
തോല്‍ക്കാന്‍ നീ പഠിക്കേണ്ട,
നിന്‍റെയുള്ളിലെ കുളിരോളം
മുള്‍ച്ചെടിയൊന്ന് കൂട്ടിരിക്കും..

കുളമ്പുരസി, തീ പടര്‍ത്തി
കുതിരവേഗം നിന്‍റെ പകല്‍
രാവിലും പൊന്‍നിലാവിലും
ശാന്തമായ് മരുവനത്തിലെ ഒട്ടകം

പുക പടര്‍ത്തി ആര്‍ത്തലച്ച്
അതിര്‍ത്തികള്‍ ഭേദിച്ച്
തീവണ്ടിപ്പാളത്തോളം നിവര്‍ന്ന്
മണലടരുകളില്‍ ഒരു പെയ്തോര്‍മ്മ
മഴപ്പീലി ഉള്ളിഉലൊതുക്കി
ചക്രവാളത്തിലേക്കൊരു യാത്ര...

ജീവിതപ്പെടലിന്‍റെ കാന്തമുനയില്‍
മരണവെപ്രാളപ്പെട്ട്
ജന്മാന്തരങ്ങളുടെ കാല്‍പാടുകളിലൂടെ
കോടാനുകോടി മണല്‍ത്തരികള്‍...

Friday, February 5, 2010

സുനാമി അഴിമതിക്കെതിരെ...

എ ഐ ടി യു സി സമരപ്പന്തല്‍ സി പി എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
സുനാമി ഫണ്ട്‌ ദുര്‍വിനിയോഗത്തിനെതിരെ സമരം
ആലപ്പുഴ: സുനാമി ഫണ്ട്‌ ദുര്‍വിനിയോഗത്തില്‍ പ്രതിഷേധിച്ച്‌ എ ഐ റ്റി യു സി നടത്തിവന്ന സമരത്തിനു നേര്‍ക്ക്‌ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ആക്രമണം.സമരപ്പന്തല്‍ അടിച്ചു തകര്‍ത്ത സംഘം മത്സ്യത്തൊഴിലാളി യൂണിയന്‍ (എ ഐ ടി യു സി) സംസ്ഥാന കമ്മിറ്റി അംഗമുള്‍പ്പെടെയുളളവരെ മര്‍ദ്ദിച്ചവരാക്കി.
പരിക്കേറ്റ സ്ത്രീകളടക്കമുളള 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഐടിയുസി ജില്ലാ കടലോര കായലോര മത്സ്യത്തൊഴിലാളി യൂണിയനംഗവും സിപിഐ സംസ്ഥാന കമ്മിറ്റിയംഗവും സമരസമിതി കണ്‍വീനറുമായ ജോയ്‌ സി. കമ്പക്കാരന്‍, സമരസമിതി കോ- ഓര്‍ഡിനേറ്റര്‍ നെല്‍സണ്‍, സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകരായ കോയിപ്പറമ്പില്‍ അന്നമ്മ റാഫേല്‍ (55), പുന്നയ്ക്കല്‍ ഗ്രേസി സെബാസ്റ്റ്യന്‍ (63), കളത്തില്‍ അഗസ്ത്യാമ്മ പവിക്കുട്ടി (45), കോയില്‍പ്പറമ്പില്‍ മെറ്റില്‍ഡ സെബാസ്റ്റ്യന്‍ (55), കളത്തില്‍ ശാന്തമ്മ (60), വാര്യത്ത്‌ വീട്‌ മേബിള്‍ (45), കളത്തില്‍ ഗീത അജിത (42), ഫ്രാങ്ക്ലിന്‍ എന്നിവരാണ്‌ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ്‌ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ളത്‌. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.

അന്ധകാരനഴി തീരത്ത്‌ സുനാമി പാക്കേജ്‌ വഴി തീരദേശനിവാസികള്‍ക്കു വീട്‌ അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നും ഈ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എഐടിയുസി കടലോര, കായലോര മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ അന്ധകാരനഴിയില്‍ സമരം ആരംഭിച്ചത്‌. സമരം 76 ദിവസം പിന്നിട്ടിരിക്കെയാണ്‌ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്‌. അന്ധകാരനഴിയില്‍ വരുന്ന ടൂറിസം പാക്കേജ്‌ വഴി ലേലഹാള്‍, സ്പില്‍വേ പാലം എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ്‌ നടന്നുകൊണ്ടിരുന്നത്‌. ഇതില്‍ സുനാമി ടൂറിസം പാക്കേജ്‌ വഴി നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്നും ആദ്യം വീട്‌ പിന്നെ ടൂറിസം എന്ന മുദ്രാവാക്യവുമായാണ്‌ സമരസമിതി സമരം നടത്തിവന്നിരുന്നത്‌. സുനാമി വീടുകളുടെ ഗുണഭോക്താക്കളില്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

സമരം ശക്തമാക്കുമെന്നും ജില്ലാ ഭരണകൂടത്തിലെ ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ വരെ നിശ്ചലമാക്കിക്കൊണ്ട്‌ സമരം നയിക്കുമെന്നും അന്ധകാരനഴിയില്‍ നടക്കുന്ന സുനാമി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുമെന്നും സിപിഐ സംസ്ഥാന നേതാക്കള്‍ അറിയിച്ചിരുന്നു.ഇതില്‍ രോഷാകുലരായി സിപിഎം നേതാക്കള്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ സമീപത്ത്‌ തമ്പടിച്ചിരുന്നു. രാവിലെ ഒമ്പതോടെ സമരസമിതിയംഗങ്ങള്‍ പന്തലില്‍ എത്തിയതോടെ സിപിഎം നേതാക്കള്‍ പന്തലിനു ചുറ്റും വളഞ്ഞ്‌ ആക്രമിക്കുകയായിരുന്നു. ഈസമയം പട്ടണക്കാട്‌ എസ്‌ഐ മനുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമെത്തിയെങ്കിലും ആക്രമണം നടത്തുന്ന സിപിഎം പ്രവര്‍ത്തകരെ തടയാന്‍ കഴിഞ്ഞില്ല. സ്ഥലത്ത്‌ ഏറെ നേരം ഭീകരാന്തരീക്ഷം പരത്തിയ സിപിഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ അടിച്ചുതകര്‍ക്കുകയും തടയാന്‍ചെന്ന സമരക്കാരെ അടിച്ചോടിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ കുത്തിയതോട്‌ സിഐ ആര്‍. സുന്ദര്‍രാജിന്റെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസ്‌ സംഘം എത്തിയാണ്‌ പ്രദേശത്ത്‌ ഏറെനേരത്തിനു ശേഷം സംഘര്‍ഷത്തിന്‌ അയവുവരുത്തിയത്‌.

വീക്ഷണത്തില്‍നിന്ന്

Thursday, February 4, 2010

കോമാളിക്കാലം...

ഇ.വി ശ്രീധരന്‍ വീക്ഷണത്തില്‍..
കായികാധ്വാനത്തിന്‌ മലയാളി യുവാക്കള്‍ക്ക്‌ മടി. ഇങ്ങനെ പറയുന്നത്‌ ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ്‌ എം.ബി.രാജേഷ്‌ എം.പി.
അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ: കായികാധ്വാനമുള്ള ജോലികളോട്‌ കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ വൈമുഖ്യം പുലര്‍ത്തുകയാണ്‌. ഇത്‌ ഫ്യൂഡല്‍ ചിന്താഗതിയുടെ ഭാഗമാണ്‌. തൊഴിലിനോടുള്ള പുതിയ തലമുറയുടെ മനോഭാവം മാറ്റിയെടുക്കാനുള്ള കര്‍മപദ്ധതി ഡി.വൈ.എഫ്‌.ഐ ആവിഷ്കരിക്കും. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ തുടരുമ്പോള്‍ത്തന്നെ കേരളത്തിലേക്ക്‌ അന്യസംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റമാണ്‌.അതിനുപകരമല്ലേ നോക്കുകൂലി...? എന്നാണ്‌ മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ്‌ രാജേഷിനോട്‌ ചോദിച്ചത്‌. എന്തായാലും രാജേഷിന്‌ ഇങ്ങനെ തോന്നിയതും കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ മനോഭാവം മാറ്റിയെടുക്കാന്‍ ഡി.വൈ.എഫ്‌.ഐ മുന്നോട്ടുവരുന്നതുമൊക്കെ നല്ലതുന്നെ.

കേരളത്തിലെ യുവാക്കളുടെ ഇടയിലുള്ള ഫ്യൂഡലിസ്റ്റ്‌ ചിന്താഗതിയും മാറിക്കിട്ടുമല്ലോ. എന്നാല്‍ രാജേഷേ, ദൈവത്തെപ്പോലെത്തന്നെ ഫ്യൂഡലിസവും ജാതിചിന്തയും നോക്കകൂലിയുടെ പ്രശ്നങ്ങളും കേരളത്തിലെ കമ്യൂണിസ്റ്റുകാരെ ഒഴിഞ്ഞുപോകുമെന്നു തോന്നുന്നില്ല. ഇനിയങ്ങോട്ട്‌ നോക്കുകൂലി വാങ്ങരുതെന്ന്‌ സ്വന്തം പാര്‍ട്ടിയുടെ തൊഴിലാളി വര്‍ഗത്തോട്‌ പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെങ്കിലും സി.ഐ.ടി.യു നോക്കുകൂലി അവസാനിപ്പിക്കാന്‍ പോകുന്നില്ല. നോക്കുകൂലി പൂര്‍ണമായി അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല എന്ന്‌ സി.ഐ.ടി.യുവിന്റെ തൃശൂര്‍ സമ്മേളനം രഹസ്യതീരുമാനമെടുത്തിരിക്കുന്നു. നോക്കൂകൂലി വാങ്ങിയാല്‍ തിരികെ കൊടുപ്പിക്കുമെന്ന തൃശൂര്‍ പ്രഖ്യാപനമൊക്കെ പൊള്ള വാക്യങ്ങള്‍ മാത്രം. തൊഴില്‍ സ്ഥാപനങ്ങളുടെ ഉടമകളുടെ തൊഴിലാളികളോടുള്ള മനോഭാവം തികച്ചും മാനുഷികമായിക്കഴിഞ്ഞാല്‍ മാത്രമേ നോക്കുകൂലി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റുകയുള്ളൂ എന്നാണ്‌ പാര്‍ട്ടി സെക്രട്ടറിയോട്‌ പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയും അതിന്റെ നേതാക്കളും പറയുന്നത്‌.

പിണറായി വിജയനും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ നേതാക്കളും തെറ്റുതിരുത്തല്‍ രേഖയോട്‌ സ്വീകരിച്ച നയംതന്നെയാണ്‌ നോക്കൂകൂലി നിര്‍ത്തലാക്കണമെന്ന പിണറായി വിജയന്റെ ആവശ്യത്തോട്‌ സി.ഐ.ടി.യുക്കാരും അതിന്റെ നേതാക്കളും സ്വീകരിക്കുന്നത്‌. അങ്ങനെ വരുമ്പോള്‍ നോക്കുകൂലിയും തിരുത്തല്‍രേഖയുമൊക്കെ സി.പി.എമ്മില്‍ തമാശകളായി മാറുകയാണ്‌. മലയാളി യുവാക്കളെ കായികാധ്വാനബോധമുള്ളവരാക്കി മാറ്റാനുള്ള രാജേഷിന്റെ പുറപ്പാടും തമാശയായി മാറുമ്പോള്‍ സംഭവിക്കുന്നത്‌ അഭ്യസ്തവിദ്യരായ യുവാക്കള്‍ ചെങ്കൊടിക്കു കീഴില്‍ നോക്കുകൂലിക്കാരായി മാറുന്നതായിരിക്കും. ഇപ്പോള്‍ത്തന്നെ സി.പി.എമ്മിലും ഡി.വൈ.എഫ്‌.ഐയിലുമൊക്കെയുള്ള താഴെതട്ടിലെ അഭ്യസ്തവിദ്യരായ യുവാക്കളില്‍ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളും സ്പിരിറ്റ്‌ കള്ളക്കടത്തുകാരുമൊക്കെ ഉണ്ടായി തുടങ്ങിയിരിക്കുന്നു. ഈ പ്രവണതയ്ക്ക്‌ പണംപറ്റി മൗനാനുവാദം നല്‍കുകയാണ്‌ പ്രാദേശിക നേതൃത്വം.

സി.പി.എമ്മിന്റെ പ്രാദേശികനേതൃത്വം ധനസമ്പാദനത്തില്‍ വ്യാപൃതമാണ്‌. അടവുനയങ്ങള്‍ക്കും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കും കീഴടങ്ങിയ സി.പി.എമ്മിനും അതിന്റെ പോഷകസംഘടനകള്‍ക്കും ധാര്‍മികതയിലും സാസ്കാരത്തിലും ഇടമില്ലാതായിരിക്കുന്നു.യുവാക്കള്‍ അഭ്യസ്തവിദ്യരോ അല്ലാത്തവരോ ആകട്ടെ, അവര്‍ കായികാധ്വാനത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുന്നവരായിരിക്കണമെന്ന ചിന്താഗതിയും നോക്കുകൂലി വാങ്ങാതിരിക്കലും ഫ്യൂഡല്‍ ചിന്താഗതിയോട്‌ മുഖംതിരിഞ്ഞു നില്‍ക്കലുമൊക്കെ ഒരു നല്ല കമ്യൂണിസ്റ്റാവാനുള്ള ആദ്യത്തെ പടിതന്നെയാണ്‌. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക്‌ കമ്യൂണിസ്റ്റുകാരാവാന്‍ ഇനിയും ഒരുപാട്‌ പടികള്‍ കയറാനുണ്ട്‌. തൊഴിലിന്റെ മഹത്വത്തെക്കുറിച്ചാണ്‌ രാജേഷ്‌ ഇപ്പോള്‍ പറഞ്ഞത്‌. തൊഴിലിന്റെ മഹത്വത്തിലുള്ള വിശ്വാസത്തിലൂടെ മനുഷ്യന്‍ എന്ന മഹത്വത്തിലേക്കു ചെന്നെത്താന്‍ കഴിയണം.

കാള്‍മാര്‍ക്സ്‌ കണ്ട ഏറ്റവും മനോഹരമായ സ്വപ്നം ഭൂമിയില്‍ മനുഷ്യരാജ്യം സ്ഥാപിച്ചുകിട്ടുകയെന്നതായിരുന്നു. മനുഷ്യരാജ്യത്തിന്റെ മഹത്വത്തില്‍ വിശ്വസിക്കുന്ന ഒരു കമ്യൂണിസ്റ്റാവാനുള്ള കേരളത്തില്‍ ചവിട്ടിക്കയറേണ്ട ഏതാനും ചില പടികളെക്കുറിച്ച്‌ പറഞ്ഞുകൊള്ളട്ടെ.ഇന്ത്യയുടെ ഏറ്റവും വലിയ ആപത്ത്‌ ഹിന്ദുമതത്തിലെ ജാതിസമ്പ്രദായമാണ്‌. ഇന്ത്യയില്‍ കുടിയേറിയ വൈദേശിക മതങ്ങളും ഹിന്ദുമതത്തിലെ ജാതി സമ്പ്രദായം ഒരു പരിധിയോളം ഉള്‍ക്കൊണ്ടുകളഞ്ഞു. ജാതികളുടെ തീവ്രത കേരളത്തില്‍ കുറെയൊക്കെ ശമിച്ചതായിരുന്നു. എന്നാല്‍ പതിന്മടങ്ങ്‌ ശക്തിയോടെ തിരിച്ചുവന്ന ജാതികള്‍ മലയാള മനുഷ്യരില്‍ ഒളിഞ്ഞിരുന്നു നാശം വിതറുകയാണ്‌. അങ്ങനെ ഇന്ന്‌ ജാതിയെയും മതത്തെയും കേരളത്തിലെ എല്ലാ വിഭാഗം മനുഷ്യരും താലോലിക്കുന്നു.

മലയാളികള്‍ ഇപ്പോള്‍ ജാതിയില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. ഇ.എം.എസ്‌ മുതല്‍ പിണറായ വിജയന്‍വരെ സ്വന്തം ജാതികളുടെ അസ്തിത്വം എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കിടയിലും നിലനിര്‍ത്തിപ്പോരുന്നു. മിശ്രവിവാഹത്തെ ഒരിക്കലും മാനവീയതയുടെ മാനദണ്ഡമായി അംഗീകരിച്ചിട്ടില്ലാത്ത കമ്യൂണിസ്റ്റ്‌ നേതാവായിരുന്നു ഇ.എം.എസ്‌. സാവിത്രി അന്തര്‍ജ്ജനം ചാത്തന്‍ പുലയന്റെ കുടിലിലേക്കു കയറിച്ചെന്നത്‌ ഇ.എം.എസ്‌ ഇഷ്ടപ്പെട്ടു കാണുകയില്ല.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യപന്മാരുള്ള സംസ്ഥാനമാണ്‌ കേരളം. മദ്യപന്മാരുടെ എണ്ണം കൂടിക്കൊണ്ടേ വരുന്നു. കേരളത്തിന്റെ ഓരോ ഓണക്കാലവും ക്രിസ്മസ്‌ കാലവും കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മദ്യത്തെ നോക്കി മൂക്കത്തു വിരല്‍വെക്കുന്നു. മലയാളിയുടെ എല്ലാ ജീവിത മേഖലകളിലും ജീവിതദുരന്തങ്ങളിലും മദ്യം പങ്കെടുക്കുകയാണ്‌.

ക്വട്ടേഷന്‍ പരിപാടികള്‍ക്കും കൊലകള്‍ക്കും ലഹളയുണ്ടാക്കാനുമൊക്കെ ധൈര്യം നല്‍കുന്നത്‌ മദ്യമാണ്‌. കല്യാണത്തിലും മരണത്തിലും മേറ്റ്ല്ലാ ആഘോഷങ്ങളിലും മദ്യം പങ്കെടുക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ സമുദായമിപ്പോള്‍ മദ്യപന്മാരുടേതാണ്‌. മദ്യപന്മാര്‍ക്ക്‌ കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ജാതിയും മതവുമൊന്നുമില്ല. മദ്യത്തിന്റെ വലിയ ഒരു കടല്‍ കേരളം കുടിച്ചു വറ്റിച്ചു കളഞ്ഞു. പണ്ട്‌ കമ്യൂണിസ്റ്റുകാര്‍ മദ്യപിക്കുന്നത്‌ പാര്‍ട്ടി സമ്മതിക്കുമായിരുന്നില്ല. മദ്യം ആവശ്യമായിട്ടുള്ളവര്‍ തന്നെ കുടിക്കുന്നത്‌ അതീവരഹസ്യമായിട്ടായിരുന്നു. ഇന്നത്തെ കമ്യൂണിസ്റ്റുകാരനു മുമ്പില്‍ മദ്യത്തിനു മറയൊന്നുമില്ല. മദ്യത്തെ ഭക്ഷണത്തിന്റെ ഭാഗമാക്കാനാണ്‌ ഇ.പി.ജയരാജന്‍ ഈയിടെ ഉപദേശിച്ചത്‌. ഇ.പി.ജയരാജന്‍ പറഞ്ഞത്‌ സ്വാഭാവികമായും സി.പി.എമ്മുകാരോടും ഡിഫിക്കാരോടും സി.ഐ.ടി.യുക്കാരോടുമായിരിക്കുമല്ലോ.

കേരളത്തിന്റെ സാമൂഹ്യജീവിതത്തെയും കുടുംബജീവിതത്തെയും ആണുങ്ങളുടെ ആരോഗ്യത്തെയും മനസ്സിനെയും മദ്യം തകര്‍ത്തുകൊണ്ടിരിക്കുന്നു. ഭീകരമായിത്തീര്‍ന്ന മലയാളിയുടെ മദ്യപാനശീലത്തിനെതിരെ മാനുഷികമായ ഒരു ചെറുത്തുനില്‍പ്പിന്‌ ഡി.വൈ.എഫ്‌.ഐക്ക്‌ കഴിയുമോ? ഈ ചെറുത്തുനില്‍പ്പില്‍ നിന്ന്‌ എന്തുകാരണം പറഞ്ഞാണ്‌ ഡി.വൈ.എഫ്‌.ഐ ഒഴിഞ്ഞു നില്‍ക്കുക? സോഷ്യലിസം വരുമ്പോള്‍ ജാതിസമ്പ്രദായം സ്വയം ഇല്ലാതായിക്കൊള്ളുമെന്ന്‌ പണ്ട്‌ പറഞ്ഞതുപോലെന്തെങ്കിലുമായിരിക്കുമോ പറയുക? സാമ്രാജ്യത്വമോഹങ്ങളുടെയും ബൂര്‍ഷ്വാ ജീവിതസങ്കല്‍പ്പങ്ങളുടെയും വലയത്തില്‍ നിന്നും യുവാക്കള്‍ മോചിപ്പിക്കപ്പെടുമ്പോള്‍ മദ്യം അവരുടെ ജീവിതത്തില്‍ നിന്ന്‌ സ്വയമേവ ഒഴിഞ്ഞുപോയിക്കൊള്ളുമെന്നോ മറ്റോ ആയിരിക്കുമോ പറയുക? എന്തായാലും ഇത്‌ ഒരുപാട്‌ സി.പി.എം തമാശകളുടെ കാലമാണ്‌.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരളത്തിലെ ഒരു സി.പി.എം നേതാവിന്റെ 101 പവന്റെ ആഭരണങ്ങള്‍ വരണമാല്യം ചാര്‍ത്തിയത്‌ ചില പത്രങ്ങള്‍ പൊക്കിപ്പിടിച്ചു. പാര്‍ട്ടി നേതാക്കളും സാധാരണ സഖാക്കളും 101 പവനോട്‌ നീരസം കൊണ്ടു. നേതാവിന്റെ മകള്‍ ധരിച്ച മാലകളിലൊ കൊച്ചു കൊച്ചു അരിവാള്‍ ചുറ്റികകള്‍ കോര്‍ത്തതായിരുന്നു. പത്രങ്ങളുടെയും പ്രാദേശിക നേതാക്കളുടെയും വിമര്‍ശനം നേതാവിന്റെ സഹധര്‍മ്മിണിക്കൊട്ടും രസിച്ചില്ല. "ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്‌ എന്റെ മകള്‍ക്ക്‌ കൊടുത്ത 101 പവന്‍. ഇത്‌ പാടില്ലെന്ന്‌ ഒരു കമ്യൂണിസ്റ്റ്‌ പുസ്തകത്തിലും ഞാന്‍ വായിച്ചിട്ടില്ല. ഒരു സഖാവ്‌ അയാളുടെ മകളെ സന്തോഷമായി കല്യാണം കഴിപ്പിച്ചയക്കുന്നത്‌ കമ്യൂണിസത്തിനെതിരൊന്നുമല്ല." എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളിലാണ്‌ അഭ്യസ്തവിദ്യയായ നേതാവിന്റെ സഹധര്‍മ്മിണി അന്ന്‌ സംസാരിച്ചത്‌. അത്‌ വേറൊരു കാലം.

കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ അഴിമതിക്ക്‌ അന്തസ്സ്‌ വന്നിട്ടില്ലാത്ത കാലം. ഇന്നങ്ങനെയല്ല. എങ്ങനെയെങ്കിലും നാല്‍കാശുണ്ടാക്കാന്‍ ചെറുതും വലുതുമായ നേതാക്കള്‍ എന്തും ചെയ്യുന്നു. പാര്‍ട്ടി പ്രവര്‍ത്തകരായ കൊച്ചുസഖാക്കള്‍ നേതാക്കളെ അനുകരിക്കുന്നു. മക്കളുടെ ശോഭനമായ ഭാവിക്കുവേണ്ടിയാണ്‌ നേതാക്കള്‍ പണമുണ്ടാക്കുന്നത്‌. പെണ്‍മക്കളുടെ കല്യാണം നല്ലതോതില്‍ ആഭരണം നല്‍കിയും ആര്‍ഭാടമായും കഴിക്കുകയെന്നത്‌ ഏതൊരു അച്ഛന്റെയും സ്വപ്നമാണല്ലോ. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സി.പി.എം നേതാക്കളുടെ മനസ്സില്‍ ഈ സ്വപ്നം ആവേശഭരിതമായാണ്‌ പുഷ്പിക്കുന്നത്‌. മക്കളുടെയോ ബന്ധുക്കളുടെയോ കല്യാണത്തിലെ ആഭരണവും ആര്‍ഭാടവും ബൂര്‍ഷ്വാശൈലിയും നിയന്ത്രിക്കണമെന്ന തിരുത്തല്‍രേഖയെ കമ്യൂണിസ്റ്റ്‌ വിരുദ്ധമായ ഒരു നീക്കമായിട്ടാണ്‌ നേതാക്കളും അവുരെട കുടുംബവും കരുതുന്നതെന്നു തോന്നുന്നു. സന്തുഷ്ട കുടുംബം എന്ന സങ്കല്‍പ്പത്തിന്‌ തുരങ്കം വെക്കാന്‍ ഒരുങ്ങി വന്ന തിരുത്തല്‍ രേഖ കെട്ടടങ്ങിയമട്ടാണ്‌.
പെണ്‍മക്കള്‍ക്ക്‌ ചാര്‍ത്തുന്ന ഭീമമായ സ്വര്‍ണാഭരണങ്ങള്‍ സ്ത്രീധനം മറ്റൊരു രൂപത്തില്‍ കൊടുക്കുന്നതാണ്‌. നമ്മുടെ സമൂഹത്തില്‍ സ്ത്രീധനം ഒരു മാരകരോഗമായും കടുത്തവേദനയായും ശാപമായും ക്രൂരതയായും നിലനില്‍ക്കുന്നു. ധനികരുടെയും ദരിദ്രരുടെയും ഇടയില്‍ ഒരുപോലെ സ്ത്രീധനം കല്യാണത്തെ പെണ്ണുകച്ചവടമാക്കി മാറ്റുന്നു. ഈ ജീവിത നിഷേധത്തിനെതിരെ പൊരുതാനുള്ള കര്‍മപദ്ധതികളാവിഷ്കരിക്കാന്‍ രാജേഷിന്റെ സംഘടനയായ ഡി.വൈ.എഫ്‌.ഐക്ക്‌ കഴിയുമോ? കഴിയുമായിരിക്കും. വാചകതലത്തില്‍. വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ്‌ ശ്രീദേവിയെപ്പോലെ സ്ത്രീധനസമ്പ്രദായത്തിനെതിരെ പൊതുവേദികളില്‍ കുറേ പൊള്ളവാചകങ്ങളടിച്ചിട്ട്‌ വലിയ കാര്യമൊന്നുമില്ല.
ചെഗുവേരയുടെ മനുഷ്യസങ്കല്‍പ്പങ്ങളുമായി താങ്കള്‍ക്കെത്രത്തോളം പരിചയമുണ്ടെന്ന്‌ എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ മനുഷ്യസങ്കല്‍പ്പങ്ങള്‍ ഒരു ഡോക്ടറുമായി ബന്ധപ്പെട്ടുകിടക്കുന്നതായിരുന്നു. ഗുവേരയുടെ ഛി ഞല്ീ‍ഹൗശ്ി‍മൃ്യ‍ ങലറശരശില എന്ന പ്രശസ്തമായ ലേഖനത്തില്‍ നിന്ന്‌ ഏതാനും വാചകങ്ങള്‍ ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താം: "രോഗത്തിനെതിരായ പോരാട്ടത്തിന്റെ അടിത്തറ കെട്ടേണ്ടത്‌, കരുത്തുറ്റ ഒരു ശരീരം സൃഷ്ടിക്കുകയെന്ന പ്രമാണത്തിലായിരിക്കണം. ഒരു ദുര്‍ബല ജീവിയില്‍ തന്റെ കലാപരമായ മിടുക്കുകൊണ്ട്‌ ഡോക്ടര്‍ നിര്‍മ്മിക്കുന്ന കരുത്തുറ്റ ശരീരമല്ല, മറിച്ച്‌ സര്‍വമാന സാമൂഹ്യകൂട്ടായ്മയ്ക്കുമേല്‍ എല്ലാ ജനവിഭാഗത്തിന്റെയും സഹകരണ പ്രവര്‍ത്തനത്തിന്റെ ഫലമായി നിര്‍മ്മിക്കപ്പെടുന്ന ദൃഢശരീരം.

അതുകൊണ്ട്‌, എന്നെങ്കിലുമൊരിക്കല്‍ രോഗപ്രതിരോധത്തിനും, പൊതുജനങ്ങളെ ചികിത്സാ പ്രവര്‍ത്തനത്തിലേക്ക്‌ തിരിക്കുന്നതുമായ ഒരു ശാസ്ത്രമായി ചികിത്സ സ്വയം മാറേണ്ടിവരും. പരമാവധി ആള്‍ക്കാര്‍ക്ക്‌ പൊതുജനാരോഗ്യസേവനം ലബ്ധമാക്കുക, പ്രതിരോധചികിത്സക്കായി പരിപാടി തയ്യാറാക്കുക, പൊതുജനങ്ങളെ ശുചിത്വപാലത്തിനായി ക്രമപ്പെടുത്തുക എന്നിവയൊക്കെയാണാവശ്യം..."ചെഗുവേരയുടെ ഈ വാചകങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ട ആരോഗ്യമന്ത്രിക്ക്‌ നിങ്ങളൊന്നു വായിച്ചുകൊടുക്കണം. ഈ മന്ത്രി നമ്മുടെ ആരോഗ്യമേഖലയെ എവിടെ എത്തിച്ചുവെന്ന്‌ ഡി.വൈ.എഫ്‌.ഐയും ഒന്നു മനസ്സിലാക്കണം. കേരളത്തിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ വിപ്ലവത്തിന്റെ മുമ്പില്‍ ചെന്നു നിലവിളിക്കുകയാണ്‌ സി.പി.എമ്മിന്റെ വിപ്ലവവര്‍ഗം. അവരുടെ മുമ്പില്‍ ചിരിച്ചാടുന്നു നമ്മുടെ പി.കെ.ശ്രീമതി. പണക്കാര്‍ക്കുമാത്രം ലഭ്യമാകുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയോട്‌ ഡി.വൈ.എഫ്‌.ഐക്ക്‌ ഒന്നും പറയാനില്ലേ? പാവങ്ങളുടെ വിധിയെന്നല്ലാതെന്തുപറയാന്‍. എന്തെന്ത്‌ കമ്യൂണിസ്റ്റ്‌ തമാശകള്‍. ഈ കൊച്ചുകേരളത്തില്‍!

Wednesday, January 20, 2010

കടലാസു പൂക്കള്‍

തിരക്കിനിടയിലും അയാളുടെ കയ്യിലെ കടലാസു പൂക്കള്‍ ഓരോന്നോരോന്നായ് വിരിയുന്നുണ്ടായിരുന്നു. ഒരേ സമയം കടലാസ്സു പൂക്കള്‍ ഉണ്ടാക്കുകയും അത് വഴിയാത്രക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്ന അയാളുടെ വളഞ്ഞു മെല്ലിച്ച വിരലുകള്‍ പെട്ടന്നു നിശ്ചലമായപ്പോഴാണ്‍ അവളും അയാളുടെ കണ്ണുകളെ പിന്തുടര്‍ന്നത്.

ഒരു തള്ളുവണ്ടി നിറയെ ചെടിയും, ചെടി നിറയെ ചുവപ്പും വെളുപ്പും മഞ്ഞയും നിറമുള്ള പൂക്കളുമായൊരു ചെടിവില്‍പ്പനക്കാരന്‍ ദൂരേനിന്നു വരുന്നു. അവള്‍ക്കതില്‍ കൌതുകമൊന്നും തോന്നിയില്ലെങ്കിലും കടലാസുപൂക്കാരന്‍റെ ആകാംക്ഷ അവളേയും ചുവന്ന റോസാപൂവിലേക്കും വെളുത്ത കടലാസുപൂവിലേക്കും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചുവലിച്ചു.

അവരുടെ തൊട്ടുമുന്നിലൂടെ ചെടിവണ്ടി കടന്നു പോയപ്പോള്‍ അയാള്‍ എന്തെങ്കിലും വണ്ടിക്കാരനോട് പറയുമെന്നവള്‍ കരുതി, അതുണ്ടായില്ല. തൊട്ടടുത്ത വളവ് തിരിയും വരെ തള്ളുവണ്ടിയെ അവളും കടലാസുപൂക്കാരനും നോക്കിയിരുന്നു.

അവള്‍ക്ക് ചോദിക്കണമെന്നുണ്ടായിരുന്നു, അവളുടെ മനസ്സറിഞ്ഞെന്നോണം അയാള്‍ അവളെ നോക്കി മെല്ലെയൊന്നു ചിരിച്ചെന്നു വരുത്തി, പിന്നെ പറഞ്ഞു ' പൂക്കള്‍ക്കെന്തു ഭംഗിയാണല്ലെ'?

'ഉം..' അവളൊന്നു മൂളി, അവളതു കേള്‍ക്കാനല്ല ആഗ്രഹിച്ചതെന്നയാള്‍ക്കും തോന്നി.

ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അയാള്‍ തുടര്‍ന്നു, 'ആ പൂക്കളെല്ലാം വാടും കാഴ്ചക്കാരന്‍റെ മനസ്സ് വാടും മുമ്പേ, പക്ഷെ ഈ കടലാസു പൂക്കള്‍ വാടിനില്‍കുന്നതറിയാതെ വാടിയ മനസ്സുകള്‍ക്ക് ചൂടാനുള്ളതാണ്' ഒരു കടലാസു പൂ കൊടുത്ത് പത്തുരൂപ വാങ്ങി പെട്ടിയിലിടുന്നതിനിടെ അയാള്‍ പറഞ്ഞു പൂര്‍ത്തിയാക്കി.

അവളുടെ കയ്യില്‍നിന്നിഴുകിപ്പോയ കടലാസുപൂ അവള്‍ പെട്ടന്ന് മുറുകെ പിടിച്ചു, മുടിയില്‍ ചൂടിയ റോസാപ്പൂ ഇടം കയ്യാല്‍ പതുക്കെ തഴുകുന്നതിനിടെ...

Tuesday, January 19, 2010

കരാള നൃത്തം

എന്‍റെ സഖാവൊരു
ജ്യോതി മാത്രമാവുകയാണ്,
ഓര്‍മ്മകളിലെ തേജസ്സ്.
തേങ്ങുന്നൊരു മനസ്സുമായ്
വംഗ നാട്ടിലേക്കൊരു
കണ്ണെറിഞ്ഞ് ഒരു മലയാളി.
ഒരു ജനതയുടെ ആത്മാവിഷ്ക്കാരം
എന്നെ പരിഹസിക്കുന്നു,
ആയിരം കണ്ഠങ്ങളില്‍
ഇങ്ക്വിലാബുയരുമ്പോള്‍
മെയ്‌വഴക്ക യന്ത്രത്തില്‍
ആടിയുലഞ്ഞ് ഒന്നാം ആവിഷ്ക്കാരം,
രണ്ടില്‍ ബൂട്ടാന്‍ ലോട്ടറി വിപ്ലവം,
മൂന്നില്‍ ഹനുമാന്‍ കവചം.
നീയിനിയിതൊന്നും കേള്‍ക്കേണ്ട,
കാണേണ്ട സഖാവേ..
ലാല്‍സലാം, സാല്‍സലാം

Sunday, January 17, 2010

അട്ടിമറിക്കാര്‍...

കേരളം മറിച്ചുവിറ്റത്‌ 23,540 ടണ്‍ ഗോതമ്പ്‌
ഉച്ചക്കഞ്ഞിയുടെ അരി മറിച്ചുവിറ്റ സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക്‌ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവിറ്റ്‌ വീണ്ടും കേരളം പ്രതിക്കൂട്ടിലായി.
2007-08 സാമ്പത്തികവര്‍ഷം പ്രൈമറി സ്കൂളുകളിലെ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരി മറിച്ചുവിറ്റ്‌ വിവാദത്തിലായ സംസ്ഥാന സര്‍ക്കാര്‍, ഇക്കുറി ഓപ്പണ്‍ മാര്‍ക്കറ്റ്‌ സ്കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്രം നല്‍കിയ ഗോതമ്പാണ്‌ സ്വകാര്യമില്ലുകള്‍ക്ക്‌ മറിച്ചുവിറ്റത്‌. ഓപ്പണ്‍മാര്‍ക്കറ്റ്‌ സ്കീമില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ അനുവദിച്ചത്‌ 40,660 ടണ്‍ ഗോതമ്പാണ്‌. ഇതില്‍ 23,540 ടണ്‍ ഗോതമ്പ്‌ കേരളം ഏറ്റെടുത്തു. ഇത്‌ മുഴുവനും സ്വകാര്യ മില്ലുകള്‍ക്ക്‌ മറിച്ചുവില്‍ക്കുകയായിരുന്നു. കിലോഗ്രാമിന്‌ 12 രൂപ 96 പൈസ നിരക്കില്‍ കേന്ദ്രത്തില്‍ നിന്ന്‌ വാങ്ങിയ ഗോതമ്പ്‌ 15 രൂപയിലധികം ഈടാക്കിയാണ്‌ മറിച്ചുവില്‍പ്പന നടത്തിയത്‌.

റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ഗോതമ്പ്‌ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ കേന്ദ്രം അനുവദിച്ച ഗോതമ്പ്‌ സ്വകാര്യ മില്ലുകള്‍ക്ക്‌ വിറ്റതായി ഭക്ഷ്യമന്ത്രി സി ദിവാകരന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചു. സ്വകാര്യ മില്ലുകള്‍ക്ക്‌ ഗോതമ്പ്‌ നല്‍കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പോലും സര്‍ക്കാര്‍ കാറ്റില്‍പ്പറത്തി. ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിക്കാതെ വെറും പരസ്യം നല്‍കിയാണ്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഗോതമ്പ്‌ മറിച്ചുവിറ്റത്‌. സ്വകാര്യ മില്ലുകളാകട്ടെ, ഈ ഗോതമ്പ്‌ പൊടിച്ച്‌ ആട്ടയാക്കി കിലോഗ്രാമിന്‌ 25-ലധികം രൂപ വിലയിട്ട്‌ കേരളത്തിലെ പൊതുവിപണിയില്‍ വിറ്റ്‌ കൊള്ളലാഭം ഉണ്ടാക്കുകയാണ്‌.2007-08 വര്‍ഷത്തില്‍ പ്രൈമറി സ്കൂളുകളിലെ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണത്തിനായി കേന്ദ്രം നല്‍കിയ 18,684 കിലോഗ്രാം അരി സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ പൊതുവിപണിയില്‍ 14 രൂപയ്ക്ക്‌ മറിച്ചുവിറ്റത്‌ വിവാദമായിരുന്നു.

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ എണ്ണം പെരുപ്പിച്ച്‌ കാട്ടിയാണ്‌ കേന്ദ്രത്തില്‍ നിന്ന്‌ കൂടുതല്‍ അരിവാങ്ങിയതെന്ന്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു. കുട്ടികളുടെ എണ്ണം അധികമായി കാണിച്ചതിലൂടെ അഞ്ച്‌ ജില്ലകളില്‍ 22,273 ക്വിന്റല്‍ അരി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കേരളത്തിന്‌ ലഭിച്ചു. ഈ കാലയളവില്‍ ഉച്ചഭക്ഷണ പദ്ധതിക്ക്‌ വേണ്ടി 38,189.82 മെട്രിക്‌ ടണ്‍ അരിയാണ്‌ കേന്ദ്രം അനുവദിച്ചിരുന്നത്‌. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവ്‌, സാധ്യായ ദിവസങ്ങളിലുണ്ടായ കുറവ്‌, ഓരോ കുട്ടിക്കും കൊടുക്കുന്ന അരിയുടെ അളവിലുണ്ടായ കുറവ്‌ തുടങ്ങിയ കാരണങ്ങളാല്‍ പദ്ധതിക്ക്‌ വേണ്ടി അനുവദിച്ച മുഴുവന്‍ അരിയും ഉപയോഗിക്കേണ്ടി വന്നില്ല.
ഇങ്ങനെ ബാക്കിവന്ന അരിയാണ്‌ സംസ്ഥാന സര്‍ക്കാര്‍ പൊതുവിപണിയില്‍ മറിച്ചുവിറ്റത്‌. പ്രവേശനം, കൊഴിഞ്ഞുപോക്ക്‌ തടയല്‍, ഹാജര്‍നില മെച്ചപ്പെടുത്തല്‍ എന്നിവ വഴി പ്രൈമറി വിദ്യാഭ്യാസം പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ 1995-ല്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ പോഷകാഹാര പദ്ധതി ആരംഭിച്ചത്‌. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ പാചകം ചെയ്ത ആഹാരം വിതരണം ചെയ്യുന്നതാണ്‌ പദ്ധതി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ എഫ്‌ സി ഐ വഴി സൗജന്യമായാണ്‌ അരി വിതരണം ചെയ്യുന്നത്‌. ഉച്ചഭക്ഷണത്തിന്റെ അരി മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന്‌ പാഠം പഠിക്കാതെയാണ്‌ ഇപ്പോള്‍ കേന്ദ്രം അനുവദിച്ച ഗോതമ്പ്‌ മറിച്ചുവിറ്റ്‌ സംസ്ഥാന സര്‍ക്കാര്‍ പുതിയ കുരുക്കില്‍പ്പെട്ടിരിക്കുന്നത്‌.


വീക്ഷണത്തില്‍ നിന്ന്...